നിർദ്ധനരായ രോഗികൾക്ക് ചികിത്സയ്ക്ക് കൈത്താങ്ങുമായി നെന്മാറ അവൈറ്റിസ് ആശുപത്രി
നെമ്മാറ: സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കൈത്താങ്ങായി അവൈറ്റിസ് ആശുപത്രി. ശസ്ത്രക്രിയ, കിടപ്പ് രോഗികൾക്കായുള്ള ഈ പദ്ധതി പ്രകാരം നഴ്സിംഗ് സേവനങ്ങൾ, മുറി വാടക തുടങ്ങിയവ തീർത്തും സൗജന്യമാണ്. ശസ്ത്രക്രിയ, ലാബ്, സ്കാനിങ്, തുടങ്ങിയ സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിലായിരിക്കും. ഇതിനായി ആശുപത്രിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡുകൾ തുറന്നു. പുരുഷന്മാർക്കായുള്ള വാർഡിന്റെ ഉദ്ഘാടനം വി കെ ശ്രീകണ്ഠൻ എം പിയും സ്ത്രീകൾക്കായുള്ള വാർഡിന്റെ ഉദ്ഘാടനം കെ ബാബു എം എൽ എയും നിർവഹിച്ചു. അവൈറ്റിസ് സി ഇ ഒ ദീപക് നായർ അധ്യക്ഷത വഹിച്ചു.
അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന അവൈറ്റിസ് ആശുപത്രിയുടെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ഇത്തരമൊരു പദ്ധതിയെന്ന് അവൈറ്റിസ് സി ഇ ഒ ദീപക് നായർ പറഞ്ഞു.
പാലക്കാട് ജില്ലയിലെയും സമീപ ജില്ലകളിലെയും എല്ലാ വിഭാഗം രോഗികൾക്കും മികച്ച ചികിത്സ ലഭിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവൈറ്റിസ് ആശുപത്രി സി ഒ ഒ അജേഷ് കുണ്ടൂർ പറഞ്ഞു. ജില്ലയിലെ സമ്പൂർണ എൻ എ ബി എച് അംഗീകാരമുള്ള ഏക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടി ആണ് നെന്മാറ അവൈറ്റിസ് ആശുപത്രി.